തർക്കങ്ങൾക്കൊടുവിൽ; 11 ജില്ലകളിലെ 197 കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
Saturday, June 3, 2023 7:44 PM IST
തിരുവനന്തപുരം: തർക്കങ്ങൾക്കൊടുവിൽ കോണ്ഗ്രസ് പുനഃസംഘടനയുടെ ഒന്നാംഘട്ട പട്ടിക കെപിസിസി നേതൃത്വം പുറത്തിറക്കി. 11 ജില്ലകളിലായുള്ള 197 കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയ്ക്കാണ് നേതൃത്വം അംഗീകാരം നൽകിയത്.
തർക്കത്തെ തുടർന്നു പുനഃസംഘടനാ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ പട്ടിക അടുത്ത ദിവസങ്ങളിൽ പുറത്തിറക്കും. മൊത്തമുള്ള 283 ബ്ലോക്കുകളിൽ 197 ആണു പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക ഏറെക്കുറെ സംസ്ഥാന നേതൃത്വം അംഗീകരിച്ചെങ്കിലും ചില പേരുകളെച്ചൊല്ലി എ ഗ്രൂപ്പ് തർക്കമുന്നയിച്ചതോടെ പട്ടിക പിന്നീടുപ്രഖ്യാപിക്കാനായി മാറ്റി. പാലക്കാട് ജില്ലയിലെ രണ്ടും തൃശൂർ ജില്ലയിലെ ഒരു ബ്ലോക്ക് പ്രസിഡന്റിന്റെ പ്രഖ്യാപനവും മാറ്റിവച്ചു. പ്രഖ്യാപിച്ച ബ്ലോക്കുകളിൽ ചിലയിടങ്ങളിൽ മാത്രമാണ് എതിർപ്പുയർന്നത്.