രാജ്യത്തെ നടുക്കിയ ദുരന്തം; കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി
Saturday, June 3, 2023 12:13 PM IST
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ട്രെയിനപകടത്തില്‍ മരിച്ചവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തില്‍ കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ചെന്നൈയിലേക്കുള്ള കോറമണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത്പുര്‍ - ഹൗറ എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പെട്ടത്.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 കടന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.