ട്രെയിന്‍ ദുരന്തം: മരണസംഖ്യ 280 കടന്നു; ആയിരത്തോളം പേര്‍ക്ക് പരിക്ക്
Saturday, June 3, 2023 11:46 AM IST
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 കടന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
രാജ്യത്ത് അടുത്തയിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. അപകടസ്ഥലത്ത് എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, വ്യോമസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബാലസോറിലെത്തി.
വെള്ളിയാഴ്ച രാത്രി 7.20ന് ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റെയില്‍വെ സ്റ്റേഷനു സമീപമാണ് ട്രെയിനപകടമുണ്ടായത്. ഒരു ചരക്ക് ട്രെയിന്‍ ഉള്‍പ്പെടെ മൂന്നു ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.
ഷാലിമാര്‍-ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ് ബാലസോറില്‍വച്ച് 12 ബോഗികള്‍ പാളം തെറ്റി മറിഞ്ഞു. ഈ ബോഗികളിലേയ്ക്ക് ഇതുവഴി കടന്നുപോയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനിടെ ഹൗറ എക്സ്പ്രസിന്റെ ചില ബോഗികള്‍ തൊട്ടടുത്ത ട്രാക്കില്‍ ഉണ്ടായിരുന്ന ചരക്ക് ട്രെയിനിലേയ്ക്ക് ഇടിച്ചു കയറിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.