ഒഡീഷ ട്രെയിൻ ദുരന്തം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി
Saturday, June 3, 2023 4:41 AM IST
ബാലസോർ: ഒഡീഷയിലുണ്ടായ വൻ ട്രെയിൻ ദുരന്തത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
അപകടം നിർഭാഗ്യകരമാണെന്നും സംഭവമുണ്ടായതിന് തൊട്ടുപിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ഒഡിആർഎഫ്), പ്രദേശവാസികൾ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് എത്തിയതായി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നിസാര പരിക്കുകളുള്ള യാത്രക്കാർക്ക് 50,000 രൂപ വീതവും നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
അപകടത്തിൽപ്പെട്ടവരെ എത്രയും വേഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നതിലാണ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം ലഭിക്കുന്നതേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.