കെ-ഫോൺ ഉദ്ഘാടനം ജൂൺ അഞ്ചിന്
Friday, June 2, 2023 5:33 PM IST
തിരുവനന്തപുരം: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിനു യാഥാർഥ്യമാകും. വൈകുന്നേരം നാലിന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തും.
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.
നിലവിൽ 18,000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7,000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി.
40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങൾ കെ-ഫോൺ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2,519 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിളിങ്ങും 19,118 കിലോമീറ്റർ എഡിഎസ്എസ് കേബിളിങ്ങും പൂർത്തിയാക്കി.