ഇംഫാൽ: മണിപ്പൂരിലെ കലാപ മേഖലകളിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നു. അഞ്ച് ജില്ലകളിൽ കർഫ്യൂ പിൻവലിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ ആകെ 11 ജില്ലകളിൽ കർഫ്യൂവിന് ഇളവ് നൽകിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് കർഫ്യൂ പിൻവലിക്കുന്നതെന്നും മിക്ക ജില്ലകളിലും സ്ഥിതി സാധാരണനിലയിലേക്ക് എത്തുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, വെള്ളിയാഴ്ച ഉച്ചയോടെ അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ സംഘര്‍ഷത്തേക്കുറിച്ച് ചര്‍ച്ച ചെയ്തെന്നാണ് സൂചന.

മണിപ്പൂരില്‍ രാഷട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

അമിത് ഷാ മണിപ്പൂരില്‍ നാല് ദിവസത്തെ സന്ദര്‍ശനം നടത്തി കഴിഞ്ഞ ദിവസമാണ് മടങ്ങിയത്. മണിപ്പൂരിലെ വംശീയ കലാപത്തില്‍ 98 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 314 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംസ്ഥാന വ്യാപകമായി നടന്ന അക്രമസംഭവങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തീവയ്പ്പ് കേസുകളുടെ മാത്രം എണ്ണം 4,014 ആണ്.