മുഖ്യമന്ത്രിയുടെ കൂടെയിരിക്കാന്‍ 82 ലക്ഷം നല്‍കണോ?; വിമര്‍ശനവുമായി സതീശന്
Thursday, June 1, 2023 3:28 PM IST
തിരുവനന്തപുരം: അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ പണം പിരിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് സതീശന് വിമര്‍ശിച്ചു.
പ്രവാസികളെ മുഴുവന്‍ പണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്ന പരിപാടിയാണ് ഇത്. ഒരു ലക്ഷം ഡോളര്‍ കൊടുക്കാന്‍ കഴിയുന്നവര്‍ മാത്രം തനിക്കൊപ്പം ഇരുന്നാല്‍ മതിയെന്നാണ് നിലപാട്. പണമുള്ളവരെ മാത്രം വിളിച്ച് അടുത്തിരുത്തുന്ന പരിപാടി കേരളത്തിന് ചേര്‍ന്നതല്ല.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് മനസിലാക്കികൊടുക്കുന്ന പരിപാടിയാണിതെന്നും സതീശന് വിമര്‍ശിച്ചു. ഈ അനധികൃത പിരിവിന് ആരാണ് അനുമതി കൊടുത്തതെന്ന് സതീശന് ചോദിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തി അനധികൃത പിരിവ് ഏര്‍പ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സമ്പന്നര്‍ മാത്രം കൂടെയിരിക്കാന്‍ വരുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്നും സതീശന് പറഞ്ഞു.
ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിനായി സംഘാടക സമിതി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്. ഗോള്ഡിന് ഒരുലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ), സില്‍വറിന് 50,000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ), ബ്രോണ്‍സിന് 25,000 ഡോളര്‍ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നല്‍കേണ്ട തുക.
വലിയ തുക സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നവര്‍ക്ക് സമ്മേളന വേദിയില്‍ അംഗീകാരവും വിഐപികള്‍ക്ക് ഒപ്പം ഡിന്നര്‍ തുടങ്ങിയ വാഗ്ദ്ദാനങ്ങളും നല്‍കിയിട്ടുണ്ട്. ലോക കേരള സഭ സര്‍ക്കാര്‍ സംരംഭമായിരിക്കെ സംഘാടക സമിതിയുടെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.