കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ്; ജനല്‍ചില്ല് തകര്‍ത്തു; കോച്ചിനുള്ളില്‍ കല്ല് കണ്ടെത്തി
Thursday, June 1, 2023 2:42 PM IST
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ഫോറന്‍സിക് പരിശോധന തുടരുന്നു. പ്രാഥമിക പരിശോധനയില്‍ കോച്ചിനുള്ളില്‍ നിന്ന് കല്ല് കണ്ടെത്തി. ജനല്‍ചില്ല് തകര്‍ത്തനിലയിലാണ്.
ഇതോടെ കൊച്ചിന് തീവച്ചതാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കോച്ചിലെ ശുചിമുറി തകര്‍ത്തിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന കണ്ണാടി കുത്തിപൊട്ടിക്കുകയും ക്ലോസറ്റില്‍ കല്ലിടുകയും ചെയ്തതായി കണ്ടെത്തി. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് കാനുമായി ഒരാള്‍ ട്രെയിനിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ പോലീസ് നായ മണം പിടിച്ച് സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് നീങ്ങി.
എലത്തൂരില്‍ ഷാറൂഖ് സെയ്ഫി ആക്രമണം നടത്തിയ അതേ ട്രെയിനിലാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. കോച്ച് പൂര്‍ണമായും കത്തിനശിച്ചു.