""പൊതുവിദ്യാഭ്യാസരംഗത്ത് മാറ്റം പ്രകടമാണ്''; പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
Thursday, June 1, 2023 2:43 PM IST
തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നു. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തിയത്. നാലുലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലെത്തി.
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം തിരുവനന്തപുരം മലയിന്‍കീഴ് ഗവ. വിഎച്ച്എസ്എസില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി വലിയ മാറ്റം പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളോട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതല്‍ താത്പര്യം കൈവന്നു. നേരത്തെ അഞ്ചു ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍നിന്ന് വിട്ടുപോയെങ്കിലും ഇപ്പോള്‍ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ കൂടുതലായി വന്ന് ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവേശനോത്സവഗാനത്തിന്റെ വീഡിയോ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി റിലീസ് ചെയ്തു. ജില്ലാതലങ്ങളില്‍ മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമാണ് പ്രവേശനോത്സവ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്.