"പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, സ്കൂളുകൾ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു': ആശംസയുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
Thursday, June 1, 2023 2:44 PM IST
തിരുവനന്തപുരം: വിദ്യാഭ്യാസജീവിതത്തിന് തുടക്കം കുറിക്കുന്ന കുട്ടികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
“പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകള്‍ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാന്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും സാധിക്കട്ടെ യെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഭാവിയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വാര്‍ത്തെടുക്കാനാണ് വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്നു സഹപാഠികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുക. ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.