ക​ണ്ണൂ​ര്‍: റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ല്‍ തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ട്ടി​മ​റി സം​ശ​യി​ക്കു​ന്ന​താ​യി റെ​യി​ല്‍​വേ. എന്നാൽ ഇപ്പോൾ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്ന് അ​ഡീ​ഷ​ണ​ൽ ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ പ്ര​തി​ക​രി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ വ്യ​ക്ത​മാ​യ കാ​ര​ണം ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ വ്യ​ക്ത​മാ​കൂ.
തീ​പി​ടി​ത്ത​മു​ണ്ടാ​യ കോ​ച്ച് റെ​യി​ല്‍​വേ സീ​ല്‍ ചെ​യ്തു. ഫോ​റ​ന്‍​സി​ക് സം​ഘം ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ​ല​ത്തൂ​രി​ല്‍ ഷാ​റൂ​ഖ് സെ​യ്ഫി ആ​ക്ര​മ​ണം ന​ട​ത്തി​യ അ​തേ ട്രെ​യി​നി​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ണ്ണൂ​ര്‍ സ്റ്റേ​ഷ​നി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ജ​ന​റ​ല്‍ കോ​ച്ചി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കോ​ച്ച് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

കാ​നു​മാ​യി ഒ​രാ​ള്‍ കോ​ച്ചി​ന് സ​മീ​പ​ത്തേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ത്തി​യ കോ​ച്ചി​ന്‍റെ ശു​ചി​മു​റി​യോ​ട് ചേ​ര്‍​ന്നു​ള്ള ചി​ല്ല് ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്. ഇ​തു​വ​ഴി ഇ​ന്ധ​നമൊ​ഴി​ച്ച് തീ​യി​ട്ട​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.