കർണാടകയിൽ 24കാരിയായ വനിതാ വോളിബോൾ താരം ഹൃദയാഘാതം മൂലം മരിച്ചു
Thursday, June 1, 2023 1:53 AM IST
മംഗളൂരു: വനിതാ വോളിബോൾ താരം ഹൃദയാഘാതം മൂലം മരിച്ചു. കർണാടകയിൽ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി സ്വദേശിയായ സാലിയത്ത് (24) ആണ് മരിച്ചത്. ദേശീയതല താരമാണ് സാലിയത്ത്.
ഒരു വർഷം മുമ്പ് വിവാഹിതയായ സാലിയത്ത് ഭർത്താവിനൊപ്പം ചിക്കമംഗളൂരുവിലാണ് താമസം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
അലഹബാദിൽ നടന്ന ദേശീയതല വോളിബോൾ ടൂർണമെന്റിൽ കർണാടകയെ പ്രതിനിധീകരിച്ച സാലിയത്ത് സംസ്ഥാന ടീമിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.