മരുന്ന് സംഭരണശാല തീപിടിത്തം; കോവിഡ് കാലത്ത് വാങ്ങിയവയൊന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി
Wednesday, May 31, 2023 8:32 PM IST
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ(കെഎംഎസ്സിഎൽ) സംഭരണശാലകളിൽ ഉണ്ടായ തീപിടിത്തങ്ങളെപ്പറ്റി ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്.
സംഭരണശാലകളിലുണ്ടായ തീപിടത്തത്തിൽ കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളോ മറ്റ് വസ്തുക്കളോ കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎംഎസ്സിഎലിന്റെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഗോഡൗണുകളിലാണ് അടുത്തിടെ തീപിടിത്തമുണ്ടായത്. മൂന്നിടത്തും ബ്ലീച്ചിംഗ് പൗഡറാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് കെഎംഎസ്സിഎലിന്റെ വാദം. എന്നാല്‍ കെമിക്കല്‍ പരിശോധനയുടെ ഫലം വരും മുമ്പ് ബ്ലീച്ചിംഗ് പൗഡര്‍ പിന്‍വലിക്കാന്‍ കെഎംഎസ്സിഎല് വിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.