ഭാഷാപണ്ഡിതൻ ഡോ.വെള്ളായണി അർജുനൻ അന്തരിച്ചു
Wednesday, May 31, 2023 6:48 PM IST
തിരുവനന്തപുരം: ബഹുഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജുനൻ (90)അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ കുടുംബവീട്ടിലായിരുന്നു അന്ത്യം.
1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടിൽ പി. ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും മകനായാണ് വെള്ളായണി അർജുനൻ ജനിച്ചത്. നാലു ഭാഷകളിൽ സാഹിത്യ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഡോക്ടറേറ്റും മൂന്ന് ഡി ലിറ്റും നേടി.
നാൽപതിലധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന് രാജ്യം 2008-ൽ പത്മശ്രീ നൽകി ആദരിച്ചിരുന്നു. ആകാശവാണിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കേരള സർവവിജ്ഞാനകോശം ഡയറക്ടറായിരിക്കേ എൻസൈക്ലോപീഡിയകളെ കൂടുതൽ ജനകീയമാക്കി. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം എസ്എൻ കോളജിൽ അധ്യാപകനായിരുന്ന അദ്ദേഹം അലിഗഡ് സർവകലാശാലയിലെ ആദ്യത്തെ മലയാളം ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അദ്ദേഹം രചിച്ച ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികൾ സ്കൂൾ - കോളജ് തലങ്ങളിൽ പാഠപുസ്തകങ്ങളായി ഉപയോഗിച്ചുവരുന്നു.