മാലിന്യശേഖരണം; മൂന്ന് കമ്പനികളുമായി കരാർ ഒപ്പുവച്ച് കൊച്ചി കോർപ്പറേഷൻ
Wednesday, May 31, 2023 6:17 PM IST
കൊച്ചി: വീടുകളിലും സ്ഥാപനങ്ങളിലും നിന്നുമുള്ള ജൈവമാലിന്യം സംസ്കരിക്കുന്നതിനായി മൂന്ന് കമ്പനികളുമായി കൊച്ചി കോർപ്പറേഷൻ കരാർ ഒപ്പുവച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നേരിട്ട് മാലിന്യം തള്ളുന്ന നടപടി അവസാനിച്ചതിനാലാണ് പുതിയ പദ്ധതിയുമായി കോർപ്പറേഷൻ രംഗത്തെത്തിയത്.
ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻ, വി കെയർ ഷോപ്പിംഗ്, ടെക് ഫാം ഇന്ത്യ എന്നീ ഏജൻസികളെയാണ് ഹരിതകർമ സേന ശേഖരിക്കുന്ന ജൈവമാലിന്യം സംസ്കരിക്കാനായി കോർപ്പറേഷൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.
വീടുകളിലും സ്ഥാപനങ്ങളിൽ നിന്നുമുള്ള ജൈവമാലിന്യം ഹരിതകർമസേന കൊച്ചിയിലെ 21 കലക്ഷൻ പോയിന്റുകളിൽ എത്തിക്കും. ഈ കലക്ഷൻ പോയിന്റുകളിൽനിന്ന് ഏജൻസികൾ മാലിന്യമെടുക്കും. എന്നാൽ വൻതോതിൽ മാലിന്യം ഉണ്ടാകുന്ന ഫ്ലാറ്റുകൾ, കല്യാണമണ്ഡപങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ഈ ഏജൻസികൾ മാലിന്യം ശേഖരിക്കില്ല.