ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടോ: സാബു എം. ജേക്കബിനെതിരേ ഹൈക്കോടതി
Wednesday, May 31, 2023 1:11 PM IST
കൊച്ചി: അരിക്കൊമ്പന് വിഷയത്തില്‍ ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കാട്ടാനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ചോദിച്ച കോടതി ഹര്‍ജിയുടെ സത്യസന്ധതയില്‍ സംശയമുണ്ടെന്നും തുറന്നടിച്ചു.
ആന നിലവില്‍ തമിഴ്നാടിന്റെ ഭാഗത്താണുളളത്. തമിഴ്നാട് വനം വകുപ്പ് ആനയെ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ടുവരണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.
ഹര്ജിക്കാരന് രാഷ്ട്രീയ പാര്‍ട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് തമിഴ്നാട്ടിലെ വിഷയത്തില്‍ എന്ത് കാര്യമെന്നും കോടതി തിരക്കി.
തമിഴ്നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണം. ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടോയെന്നും സാബു എം. ജേക്കബിനോട് വിമര്‍ശന വേളയില്‍ കോടതി ആരാഞ്ഞു.
ജസ്റ്റീസ് അലക്സാണ്ടര്‍ തോമസും ജസ്റ്റീസ് പി.ജയചന്ദ്രനും ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചാണ് സാബുവിന്റെ ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി ഹൈക്കോടതി തള്ളി.