മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; ലൈംഗികപീഡനം നടന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
Tuesday, May 30, 2023 11:46 PM IST
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരിക്കുന്നതിന് ആറ് മാസം മുമ്പെങ്കിലും പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി റിപ്പോർട്ട് വ്യക്തമാക്കി.
പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പരിചയക്കാരനായ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടി മതപഠനകേന്ദ്രത്തിൽ എത്തുന്നതിന് മുമ്പാണ് പീഡനത്തിന് ഇരയായതെന്നാണ് നിഗമനം. യുവാവുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തിയതോടെയാണ് കുട്ടിയെ മതപഠനകേന്ദ്രത്തിലേക്ക് മാറ്റിയതെന്നും കുട്ടി മാനസിക പീഡനത്തിന് ഇരയായതായും പോലീസ് സംശയിക്കുന്നു.