ട്രാൻസ്ഫർ വൈകിപ്പിച്ചു; സ്റ്റേഷനിൽ വച്ച് കീടനാശിനി കുടിച്ച് എഎസ്ഐ
Tuesday, May 30, 2023 8:38 PM IST
മുംബൈ: ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും പുതിയ സ്റ്റേഷനിലേക്ക് മാറാൻ സർക്കിൾ ഇൻസ്പെക്ടർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എഎസ്ഐ പോലീസ് സ്റ്റേഷനിനുള്ളിൽ വച്ച് കീടനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
മുംബൈ നഗരപ്രാന്തത്തിലുള്ള ഗഡ്കോപർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ ബാലകൃഷ്ണ നാനേക്കർ ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി ഇൻസ്പെക്ടറുമായി ഉണ്ടായ തർക്കത്തിനിടെയാണ് നാനേക്കർ ജീവനൊടുക്കാൻ ശ്രമിച്ചത്.
പുനെയിലെ സ്റ്റേഷനിലേക്ക് തനിക്ക് ലഭിച്ച ട്രാൻസ്ഫർ സിഐ തടയുന്നത് നാനേക്കർ ചോദ്യംചെയ്തിരുന്നു. ഇതിന് മറുപടിയായി രണ്ട് കേസുകളിലെ ഫയലുകൾ തീർപ്പാക്കണമെന്നും അതിന് ശേഷം ട്രാൻസ്ഫർ പരിഗണിക്കാമെന്നും സിഐ അറിയിച്ചു. തുടർന്ന് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന കീടനാശിനി നാനേക്കർ കുടിക്കുകയായിരുന്നു.
സംഭവം നടന്നയുടൻ പോലീസുകാർ ചേർന്ന് നാനേക്കറിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.