"ഷെർലക്ക് ഹോംസിന്റെ' വീട്ടിൽ മുൻ പാചകക്കാരൻ അതിക്രമിച്ചുകയറി
Tuesday, May 30, 2023 10:46 PM IST
ലണ്ടൻ: "ഷെർലക്ക്', "ഡോക്ടർ സ്ട്രേഞ്ച്' അടക്കമുള്ള ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രശസ്ത ചലച്ചിത്ര താരം ബെനഡിക്ട് കംബർബാച്ചിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ്.
ലണ്ടൻ നഗരത്തിലെ ഒരു പ്രശസ്ത ഹോട്ടലിലെ മുൻ പാചകക്കാരനായ ജാക്ക് ബിസെൽ(35) ആണ് കത്തിയുമായി താരത്തിന്റെ വീട്ടുവളപ്പിൽ കയറി ഭീഷണി മുഴക്കിയത്.
കുറ്റസമ്മതം നടത്തിയ ബിസെലിന് 250 പൗണ്ട് പിഴയും കംബർബാച്ചിന്റെ വീടിനും കുടുംബാംഗങ്ങൾക്കും സമീപത്ത് പോകുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കും(റിസ്ട്രെയ്നിംഗ് ഓർഡർ) വുഡ് ഗ്രീൻ ക്രൗൺ കോടതി വിധിച്ചു.
മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇന്നാണ് പുറത്തുവന്നത്. മെയ്ഫെയർ ഹോട്ടലിലെ മുൻ ഷെഫായ ബിസെൽ കത്തിയുമായി കംബർബാച്ചിന്റെ വീട്ടുവളപ്പിൽ കയറി ചെടികൾ നശിപ്പിക്കുകയും ഇന്റർകോം സംവിധാനത്തിൽ തുപ്പിയ ശേഷം വയറുകൾ കത്തി ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു.
താരത്തിന്റെ കുടുംബത്തിനെതിരെ വധഭീഷണി മുഴക്കിയ ശേഷം സ്ഥലത്ത് നിന്ന് മുങ്ങിയ ബിസെലിനെ ഇന്റർകോമിൽ നിന്ന് ലഭിച്ച ഡിഎൻഎ സാംപിൾ ഉപയോഗിച്ചാണ് കണ്ടെത്തിയത്. എന്ത് കാരണത്താലാണ് ബിസെൽ കംബർബാച്ചിന്റെ വീടിന് നേർക്ക് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. മോഷണം, അതിക്രമം, ലഹരിമരുന്ന് ഉപയോഗം എന്നീ കേസുകളിൽ നേരത്തെ പിടിയിലായിട്ടുള്ള വ്യക്തിയാണ് ബിസെൽ.