ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; ഇന്ത്യക്കാരിയുടെ 1.80 കോടി തട്ടിയ നൈജീരിയൻ പൗരന്മാർ പിടിയിൽ
Tuesday, May 30, 2023 10:45 PM IST
ഗുരുഗ്രാം: ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ചതിനുശേഷം ഗുരുഗ്രാം സ്വദേശിനിയുടെ കൈയിൽനിന്നും 1.80 കോടി രൂപ തട്ടിയെടുത്ത രണ്ട് നൈജീരിയൻ പൗരന്മാർ പിടിയിൽ. ഏപ്രിൽ പത്തിന് യുവതി മനേസർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വർഷമാണ് നൈജീരിയൻ പൗരനെ പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
പ്രതി തന്നോട് സ്ഥിരമായി സംസാരിച്ചിരുന്നു. കഴിഞ്ഞ വർഷം ഒരു ദിവസം ഇയാൾ തനിക്ക് ഒരു ഐഫോണും ആഭരണങ്ങളും മറ്റ് സാധനങ്ങളും അടങ്ങിയ ഒരു ഗിഫ്റ്റ് പാഴ്സൽ ആയി അയച്ചുവെന്ന് പറഞ്ഞു. പിന്നീട് ഡിസംബർ ആറിന് ഒരു പാഴ്സൽ എത്തിയെന്ന് പറഞ്ഞ് മറ്റൊരാൾ തന്നെ വിളിച്ചു. അത് ലഭിക്കാൻ താൻ 35,000 രൂപ നികുതി അടയ്ക്കണമെന്നും അയാൾ ആവശ്യപ്പെട്ടിരുന്നുവെന്നും സ്ത്രീ പരാതിയിൽ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഇവർ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചുവെന്നും പിന്നീട് മറ്റു ചില ഫീസുകൾ കൂടി ഉണ്ടെന്ന് പറഞ്ഞ് പ്രതികൾ കൂടുതൽ പണം വാങ്ങിയെന്നും യുവതി പോലീസിനോട് പറഞ്ഞു. വഞ്ചനയാണെന്ന് മനസിലാക്കിയപ്പോഴേക്കും യുവതി 1.80 കോടി രൂപ നൽകിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
പരാതി അന്വേഷിച്ച സൈബർ ക്രൈം സംഘം ഡൽഹിയിലെ നിഹാൽ വിഹാർ ഫേസ്-2 എരിയായിൽനിന്നുമാണ് നൈജീരിയൻ പൗരന്മാരെ അറസ്റ്റു ചെയ്തത്.