ഇല്ല, ഇന്ത്യാ ഗേറ്റിലും അടുപ്പിക്കില്ല; ഗുസ്തിതാരങ്ങളെ തടയുമെന്ന് ഡൽഹി പോലീസ്
Tuesday, May 30, 2023 10:46 PM IST
ന്യൂഡൽഹി: ഗുസ്തിതാരങ്ങളെ ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ്. ദേശീയ സ്മാരകം പ്രതിഷേധത്തിനുള്ള സ്ഥലമല്ലാത്തതിനാൽ ഇവിടെ സമരം അനുവദിക്കാനാവില്ലെന്നാണ് പോലീസ് നിലപാട്.
ധർണയ്ക്ക് ബദൽ സ്ഥലങ്ങൾ നിർദേശിക്കുമെന്നാണ് ഡൽഹി പോലീസ് പറയുന്നത്. ഡൽഹി ജന്തർമന്ദിറിലെ സമരസ്ഥലത്തു നിന്നും പോലീസ് ഗുസ്തിതാരങ്ങളെ ഒഴിപ്പിച്ചിരുന്നു.
തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം പ്രതിഷേധ സമരവുമായി ഇന്ത്യാ ഗേറ്റിലേക്ക് എത്തുമെന്ന് നേരത്തെ ഗുസ്തിതാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് ആറിന് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കും.
ഞങ്ങളുടെ കഴുത്തിൽ അലങ്കാരമായി കിടക്കുന്ന ഈ മെഡലുകൾക്ക് ഇനി അർഥമില്ല. അവ തിരിച്ചു നൽകുക എന്നത് ചിന്തിക്കുന്നതു പോലും എന്നെ കൊല്ലുന്നതിന് തുല്യമാണെന്ന് സാക്ഷി മാലിക് പറഞ്ഞു.