മർദനക്കേസിൽ യുപി എംഎൽഎയ്ക്ക് നാല് മാസം തടവുശിക്ഷ
Tuesday, May 30, 2023 6:12 PM IST
ലക്നോ: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ ഉത്തർ പ്രദേശിൽ നിന്നുള്ള സമാജ്വാദി പാർട്ടി എംഎൽഎ രമാകാന്ത് യാദവിന് ജൗൻപൂർ പ്രത്യേക കോടതി നാല് മാസം തടവുശിക്ഷ വിധിച്ചു. യാദവ് 7,000 രൂപ പിഴ ഒടുക്കണമെന്നും കോടതി അറിയിച്ചു.
2019 മാർച്ചിൽ നടന്ന സംഭവത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. അസംഗഡ് നഗരത്തിലെ ചഖ് പ്യാർ അലി മേഖലയിൽ വച്ച് യാദവിന്റെ സുരക്ഷാവ്യൂഹത്തിലുണ്ടായിരുന്നവർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മിത്രാസെൻ സിംഗ് എന്ന യുവാവിനെ വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. യാദവും മർദനത്തിൽ പങ്കുചേർന്നിരുന്നു.
1999-ലെ തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമക്കേസിൽ നിലവിൽ ജയിലിലുള്ള യാദവ് ആ കേസിന്റെ ശിക്ഷാകാലാവധി പൂർത്തിയായ ശേഷവും നാല് മാസം ജയിലിൽ തുടരണമെന്ന് കോടതി വ്യക്തമാക്കി.
അസംഗഡിൽ നിന്ന് നാല് തവണ ലോക്സഭയിലെത്തിയ യാദവ് നിലവിൽ ഫൂൽപ്പൂർ പവായ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 1996-ൽ എസ്പി ടിക്കറ്റിൽ ആദ്യമായി ലോക്സഭയിലെത്തിയ യാദവ് പിന്നീട് ബിഎസ്പി, ബിജെപി, കോൺഗ്രസ് പാർട്ടികളിൽ പ്രവർത്തിച്ച ശേഷമാണ് എസ്പിയിൽ മടങ്ങിയെത്തിയത്.