എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകൾ നിരോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ
Tuesday, May 30, 2023 4:07 AM IST
തിരുവനന്തപുരം: കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.
കഴിഞ്ഞ ജനുവരി 30ന് തിരുവല്ലം ബൈപ്പാസിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തിൽ കമ്മീഷൻ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.
1000 സിസി.എഞ്ചിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ എന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇത്തരം ബൈക്കുകൾക്ക് അനുയോജ്യമല്ല കേരളത്തിലെ റോഡുകളെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.