ഒമ്പത് വയസുകാരനെ പീഡിപ്പിച്ച് കൊന്ന വ്യക്തിക്ക് വധശിക്ഷ വിധിച്ച് കോടതി
Monday, May 29, 2023 6:46 PM IST
ലക്നോ: ഒമ്പത് വയസുള്ള ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് ഉത്തർ പ്രദേശ് കോടതി. മുഹമ്മദ് സൈഫ് എന്ന വ്യക്തിക്കാണ് മഥുരയിലെ ജില്ലാ പോക്സോ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്.
ഔറംഗാബാദ് മേഖലയിലെ സദർ ബസാർ സ്വദേശിയായ കുട്ടിയെ ഏപ്രിൽ ഒമ്പതിനാണ് സൈഫ് തട്ടിക്കൊണ്ടുപോയത്. കാൺപൂർ സ്വദേശിയായ സൈഫ് കുട്ടിയുടെ അമ്മാവന്റെ കടയിലെ ജീവനക്കാരനായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സമീപത്തുള്ള ഓടയ്ക്കുള്ളിൽ ഉപേക്ഷിച്ചെന്ന് സൈഫ് തന്നെ പോലീസ് ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.
കേസിൽ വാദം തുടങ്ങി 15 ദിവസത്തിനുള്ളിലാണ് പോക്സോ കോടതി ജഡ്ജിയായ റാം കിഷോർ യാദവ് ശിക്ഷ വിധിച്ചത്. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.