കളിക്കാതെ കപ്പടിക്കുമോ ഗുജറാത്ത്? സിഎസ്കെ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്നു
Monday, May 29, 2023 7:19 PM IST
അഹമ്മദാബാദ്: 2019 ഏകദിന ലോകകപ്പിലെ "അൺഫെയർ' ബൗണ്ടറി നിയമത്തിലൂടെ ഇംഗ്ലണ്ട് ചാമ്പ്യന്മാരായെന്ന പരിഭവങ്ങളുടെ തുടർക്കഥ ഇന്ന് ആവർത്തിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. കുട്ടിക്രിക്കറ്റിന്റെ ഏറ്റവും വലിയ മാമാങ്കത്തിന്റെ 16-ാം സീസണിന്റെ ഫൈനൽ ഒരു പന്ത് പോലും എറിയാനാകാതെ അവസാനിച്ചാൽ, ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കും.
കാലാവസ്ഥാ പ്രവചനങ്ങൾ പ്രകാരം വൈകിട്ട് അഞ്ച് മുതൽ രാത്രി പത്ത് വരെ അഹമ്മദാബാദിലെ മോട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പരിസരത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. എന്നാൽ ഞായറാഴ്ച രാത്രി 10:45-ന് ശേഷം മേഖലയിൽ മഴ പെയ്തിട്ടില്ലെന്നത് ആരാധകർക്ക് ആശ്വാസമാണ്.
ഗുജറാത്ത് ടൈറ്റൻസ് കളിക്കാതെ കപ്പടിക്കുന്നത് എങ്ങനെ?
* രാത്രി 12:06-ന് മുമ്പ് മത്സരം ആരംഭിക്കാനായാൽ സൂപ്പർ ഓവർ നടത്തി വിജയിയെ നിശ്ചിയിക്കുമെന്നാണ് ഐപിഎൽ അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത് സാധ്യമായില്ലെങ്കിൽ, അതായത് മത്സരത്തിൽ ഒരു പന്ത് പോലും എറിയാനാവാത്ത സാഹചര്യം ഉടലെടുത്താൽ പോയിന്റ് ടേബിളിലെ ആധിപത്യം ഗുജറാത്തിന് തുണയാകും.
* ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളുടെ നിയമം അനുസരിച്ച് ഏതെങ്കിലും മത്സരം റിസർവ് ദിനത്തിലും ആരംഭിക്കാൻ പോലും സാധിച്ചില്ലെങ്കിൽ, റദ്ദാക്കിയ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ലീഗ് സ്റ്റേജിലെ പോയിന്റുകൾ പരിശോധിക്കും. ലീഗിലെ മത്സരങ്ങൾ പൂർത്തിയായ സമയത്ത് ഏത് ടീമാണോ മുന്നിട്ട് നിന്നത് മത്സരത്തിന്റെ വിജയി ആയി പ്രഖ്യാപിക്കും.
* ഈ നിയമം പ്രയോഗിക്കേണ്ടി വന്നാൽ, ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ മറികടന്ന് ചാമ്പ്യന്മാരാകും.
മഴ കളി മുടക്കിയാൽ ആരാധകർ ഓർമ വയ്ക്കേണ്ട മറ്റ് കാര്യങ്ങൾ
* രാത്രി 9:35-ന് മുമ്പ് മത്സരം ആരംഭിക്കാൻ സാധിച്ചാൽ ഓവറുകൾ വെട്ടിച്ചുരുക്കാത തന്നെ മത്സരം പൂർത്തിയാക്കാം.
* രാത്രി 11:56-ന് മുമ്പുവരെയുള്ള സമയത്ത് മത്സരം ആരംഭിക്കാനായാൽ അഞ്ച് ഓവർ വീതമെങ്കിലുമുള്ള രണ്ട് ഇന്നിംഗ്സുകളുടെ പോരാട്ടം നടത്തും. ഇതും സാധ്യമായില്ലെങ്കിലാണ് സൂപ്പർ ഓവർ മാത്രം നടത്തി വിജയിയെ നിശ്ചയിക്കുക. അർധരാത്രി 12:06 ആണ് സൂപ്പർ ഓവർ ആരംഭിക്കാനുള്ള അവസാന സമയം.