ഐപിഎൽ കലാശപ്പോര് വൈകുന്നു; വില്ലനായി മഴ
Sunday, May 28, 2023 11:14 PM IST
അഹമ്മദാബാദ്: ഐപിഎൽ 16-ാം സീസണിന്റെ കലാശപ്പോരാട്ടത്തിൽ വില്ലനായി മഴ. വൈകിട്ട് മുതൽ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പെയ്യുന്ന കനത്ത മഴ മൂലം ഏഴരയ്ക്ക് ആരംഭിക്കാനായി നിശ്ചയിച്ചിരുന്ന മത്സരം അനന്തമായി നീളുകയാണ്. മത്സരത്തിന്റെ ടോസിടൽ ചടങ്ങ് പോലും പൂർത്തിയായിട്ടില്ല.
രാത്രി 9:35-ന് മത്സരം ആരംഭിക്കാനായാൽ ഓവറുകൾ വെട്ടിച്ചുരുക്കാത തന്നെ മത്സരം പൂർത്തിയാക്കാമെന്ന് ഐപിഎൽ അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമ്പത് മണിക്ക് മൈതാനത്ത് കവറുകൾ നീക്കം ചെയ്ത് റോളറുകൾ ഉപയോഗിച്ച് ഈർപ്പം കളയാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും വീണ്ടും മഴ എത്തുകയായിരുന്നു.
രാത്രി 11:56-ന് മുമ്പുവരെയുള്ള സമയത്ത് മത്സരം ആരംഭിക്കാനായാൽ അഞ്ച് ഓവർ വീതമെങ്കിലുമുള്ള രണ്ട് ഇന്നിംഗ്സുകളുടെ പോരാട്ടം നടത്തും. ഇതും സാധ്യമായില്ലെങ്കിൽ സൂപ്പർ ഓവർ മാത്രം നടത്തി വിജയിയെ നിശ്ചയിക്കും. അർധരാത്രി 12:06 ആണ് സൂപ്പർ ഓവർ ആരംഭിക്കാനുള്ള അവസാന സമയം.
മഴ മാറി മത്സരം ആരംഭിച്ച ശേഷം വീണ്ടും തടസപ്പെട്ടാൽ റിസർവ് ദിനമായ തിങ്കളാഴ്ചയിലേക്ക് പോരാട്ടം നീട്ടിവയ്ക്കും. ഇങ്ങനെ സംഭവിച്ചാൽ ഇന്ന് നടന്ന മത്സരത്തിന്റെ തുടർച്ചയായി, ഏത് ഓവറിൽ വച്ചാണോ പോരാട്ടം നിർത്തിവച്ചത്, അവിടെ നിന്ന് വീണ്ടും മത്സരം ആരംഭിക്കും.
റിസർവ് ദിനമായ തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വൃത്തങ്ങൾ അറിയിച്ചത്. തിങ്കളാഴ്ചയും സൂപ്പർ ഓവർ പോലും നടത്താനായില്ലെങ്കിൽ ലീഗിലെ പോയിന്റ് പട്ടികയിൽ സിഎസ്കെയെക്കാൾ മുന്നിട്ട് നിന്ന് ഗുജറാത്ത് ടൈറ്റൻസിന് കപ്പ് ലഭിക്കും.