കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ; തൊടുത്തത് 54 ഡ്രോണുകൾ
Sunday, May 28, 2023 7:22 PM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേർക്ക് ഡ്രോൺ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. 24 മണിക്കൂറിനിടെ 54 കാമികാസെ ഡ്രോണുകൾ കീവ് ലക്ഷ്യമാക്കി റഷ്യ തൊടുത്തെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
52 ഡ്രോണുകൾ പ്രതിരോധ സേന വെടിവച്ചിട്ടതായും ആക്രമണങ്ങളിൽ ഒരാൾ മരിച്ചതായും യുക്രെയൻ അറിയിച്ചു. പെട്രോൾ ബങ്കിന് സമീപത്ത് പതിച്ച ഡ്രോൺ പൊട്ടിത്തെറിച്ചാണ് മധ്യവയസ്ക്കനായ യുക്രെയ്ൻ പൗരൻ കൊലപ്പെട്ടത്.
ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് ഹോലോയ്സിവിസ്കി നഗരത്തിലെ ഒരു സംഭരണശാലയ്ക്കും കീവ് നഗരത്തിലെ രണ്ട് കെട്ടിടങ്ങളും തീപിടിച്ചു.
1,500 വർഷം മുമ്പ് സ്ഥാപിച്ച കീവ് നഗരത്തെ ആദരിക്കാനായി നഗരവാസികൾ എല്ലാ വർഷവും നടത്തിവരുന്ന " കീവ് ഡേ' ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചതെന്ന് വിദഗ്ധർ അറിയിച്ചു.