പാർലമെന്റ് ഉദ്ഘാടന ചടങ്ങിനെ ബാധിക്കുന്ന പ്രതിഷേധം അനുവദിക്കില്ല: ഡൽഹി കമ്മീഷണർ
വെബ് ഡെസ്ക്
Sunday, May 28, 2023 4:07 PM IST
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധ പരിപാടി കണക്കിലെടുത്ത് ഡൽഹിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. പാർലമെന്റ് ഉദ്ഘാടന ചടങ്ങിനെ ബാധിക്കുന്ന ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന് ഡൽഹി കമ്മീഷണർ ദീപേന്ദർ പതക് പറഞ്ഞു.
ഡൽഹി പോലീസ് പൂർണ ജാഗ്രതയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉദ്ഘാടന ചടങ്ങ് പൂർത്തിയാകുംവരെ പാർലമെന്റിന് അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. രാവിലെ 11.30നാണ് ഗുസ്തി താരങ്ങളുടെ മാർച്ച് ജന്തർമന്തറിൽനിന്ന് പാർലമെന്റിലേക്ക് തുടങ്ങുക.
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധപരിപാടിയായ 'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകള്‍ ഇവിടേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഡൽഹി അതിർത്തിയിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.