രാജഭരണത്തിന്റെ കെട്ടുപാടുകളുമായി പാർലമെന്റ് മന്ദിരോദ്ഘാടനം
Sunday, May 28, 2023 4:08 PM IST
ന്യൂഡൽഹി: രാജഭരണകാലത്തെ അധികാരകൈമാറ്റത്തിന്റെ കെട്ടുപാടുകൾ വിട്ടുമാറാത്ത ചടങ്ങുകളോടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായി.
രാവിലെ ഏഴരയോടെ, പഴയ പാർലമെന്റ് മന്ദിരത്തിന്റെ കോണിലേക്ക് ഒതുക്കപ്പെട്ട ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, പുരോഹിതഗണത്തിന് പ്രാധാന്യം നൽകി ജനപ്രതിനിധികൾ പിൻനിരയിലേക്ക് മാറ്റപ്പെട്ട പ്രത്യേക വേദിയിലെ പൂജാകർമങ്ങൾക്കൊടുവിൽ വിവാദചരിത്രമുള്ള ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജിച്ച് ഏറ്റുവാങ്ങി.
ജനപ്രതിനിധിസഭയിലേക്ക് പൂജാരിസംഘത്തിന്റെ അകമ്പടിയോടെ പ്രവേശിച്ച മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർലയും സഭയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന വിളക്കിന് തിരിതെളിച്ചു. അതിന് മുമ്പായി തിരുവാടുംതുറൈ അധീനം നൽകിയ ചെങ്കോൽ മോദി സ്പീക്കറുടെ ചേംബറിന് സമീപം സ്ഥാപിച്ചിരുന്നു.
തുടർന്ന് പാർലമെന്റിന് പുറത്തുള്ള പ്രത്യേക വേദിയിലേക്ക് മടങ്ങിയ മോദി, മന്ദിരത്തിന്റെ നിർമാണപ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ ആദരിച്ചു.
രണ്ടാം ഘട്ട ചടങ്ങിന്റെ ഭാഗമായി, 11.30ന് ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിന് വിശിഷ്ടാതിഥികളും പിന്നാലെ പ്രധാനമന്ത്രിയും പാർലമെന്റിൽ എത്തിച്ചേരും. ദേശീയഗാനത്തിനു പിന്നാലെ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് റായ് പാർലമെന്റിൽ പ്രസംഗിക്കും.
തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജയ്ദീപ് ധൻകറിന്റെയും സന്ദേശങ്ങളും ഉപാധ്യക്ഷൻ പാർലമെന്റിൽ പങ്കുവയ്ക്കും.
ലോക്സഭാ സ്പീക്കറുടെ പ്രസംഗത്തിനു പിന്നാലെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ പ്രതിനിധീകരിച്ചുള്ള 75 രൂപ നാണയം പ്രധാനമന്ത്രി പ്രകാശനം ചെയ്യും. നാണയ പ്രകാശനത്തിനു പിന്നാലെ ഉച്ചയ്ക്ക് ഒന്നിനുശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ഉച്ചകഴിഞ്ഞ് രണ്ടോടെ കാര്യപരിപാടികൾ അവസാനിക്കും.