ബംഗളൂരു: കർണാടകയിൽ 24 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇതോടെ മന്ത്രിസഭയുടെ അംഗബലം 34 ആയി ഉയർന്നു. ഈ മാസം 20ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാൻ, സന്തോഷ് ലാഡ്, കെ. എന്‍. രാജണ്ണ, കെ. വെങ്കിടേഷ്, എച്ച്. സി. മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആര്‍. ബി. തിമ്മുപുര്‍, ബി. നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കർ, മധു ബംഗാരപ്പ, ഡി. സുധാകർ, ചെലുവരയ്യ സ്വാമി, മങ്കുള്‍ വൈദ്യ, എം. സി. സുധാകര്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

ഈ 24 മന്ത്രിമാരില്‍ ഒമ്പതുപേര്‍ ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നവരും ഒരു വനിതാ മന്ത്രിയുമാണുളളത്. മന്ത്രിമാര്‍ക്കുളള വകുപ്പുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. വൈകുന്നേരത്തോടെ വകുപ്പുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.