കോട്ടയം: അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. തമിഴ്നാട്ടിലെ കമ്പം ടൗണിൽ അരിക്കൊമ്പൻ എത്തിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വരുത്തിവച്ച ദുരന്തമാണ് ഇപ്പോഴത്തേത്. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണ്. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രം തയാറാകണമെന്നും ജോസ് കെ. മാണി പറഞ്ഞു.

അതേസമയം, അരിക്കൊമ്പന്‍ ദൗത്യം പരാജയപ്പെട്ട പരീക്ഷണമെന്ന് പറയാനാകില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ആനയെ ഉള്‍ക്കാട്ടിലേയ്ക്ക് അയയ്ക്കാനുള്ള ആശയം കേരളത്തിലെ വനംവകുപ്പിന്‍റേതായിരുന്നില്ല. ആനയെ കാട്ടിലേക്ക് തിരിച്ചയച്ചിട്ട് കാര്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിന് ഉണ്ടായിരുന്നതെന്നും മന്ത്രി പ്രതികരിച്ചു.

അതിരുകവിഞ്ഞ ആനസനേഹത്തിന്‍റെ അടിസ്ഥാനത്തില്‍ ആനപ്രേമികള്‍ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പന്‍ ഇപ്പോള്‍ തമിഴ്നാടിന്‍റെ നിയന്ത്രണത്തിലാണ്. ആനയെ അവിടെത്തന്നെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള നടപടികളാണ് അവര്‍ സ്വീകരിച്ചുവരുന്നത്. കേരളത്തിലെ വനംവകുപ്പുമായി അവര്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.