"മോദിയെ അപമാനിക്കുന്ന സമരം'; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ വിമർശിച്ച് ബബിത ഫോഗട്ട്
Friday, May 26, 2023 9:59 PM IST
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ സഹതാരങ്ങൾ നടത്തുന്ന സമരത്തെ വിമർശിച്ച് കോമൺവെൽത്ത് മെഡൽ ജേതാവായ ബബിത ഫോഗട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന സമരം രാജ്യവിരുദ്ധർ കൈയടക്കിയെന്ന് ബബിത ട്വിറ്ററിൽ കുറിച്ചു.
താരങ്ങളുടെ സമരത്തിനിടെ കർഷകനേതാവായ ഗുർണാം ചധുനി നടത്തിയ വെല്ലുവിളിക്ക് മറുപടി പറയവേയാണ് യുവമോർച്ച നേതാവായ ബബിത ഈ പ്രസ്താവനകൾ നടത്തിയത്. മോദിയുടെ വളർത്തുനായ ആയ ബ്രിജ്ഭൂഷൺ ശരൺ സിംഗ് ഉടൻ രാജിവയ്ക്കണമെന്ന് ചധുനി ആവശ്യപ്പെട്ടിരുന്നു.
ജന്തർ മന്തറിൽ നിന്ന് ആരംഭിച്ച സമരത്തിൽ ചധുനിയെപ്പോലെ ഒരാൾ പങ്കെടുക്കുന്നത് നിർഭാഗ്യകരമാണെന്ന് ബബിത ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമരം സ്ത്രീസുരക്ഷയ്ക്കായി എങ്ങനെ നിലകൊള്ളും. സ്ത്രീകൾ മുന്നോട്ട് വച്ച സമരാവശ്യങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത് രാജ്യവിരുദ്ധരും ചില പ്രത്യേക രാഷ്ട്രീയ കുടുംബങ്ങളുമാണെന്നും ബബിത പ്രസ്താവിച്ചു.
ബബിതയുടെ പ്രസ്താവനയ്ക്കെതിരെ വൻ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്. ബബിതയുടെ സഹോദരി വിനേഷ് ഫോഗട്ട് അടക്കമുള്ളവർ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ഡൽഹിയിൽ കടുത്ത സമരമാണ് നടത്തിവരുന്നത്.