പോക്സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; സിഐയെ പിരിച്ചുവിടാനൊരുങ്ങി സർക്കാർ
Friday, May 26, 2023 9:08 PM IST
തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയെ സ്വവർഗ ലൈംഗികതയ്ക്ക് ഉപയോഗിച്ച സിഐയ്ക്ക് സർവീസിൽ നിന്നു പിരിച്ചു വിടാൻ കാരണം കാണിയ്ക്കൽ നോട്ടീസ്. അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസറായ ജയ സനലിനെയാണ് സർവീസിൽ നിന്നു പിരിച്ചു വിടാൻ സംസ്ഥാന പോലീസ് മേധാവി നോട്ടീസ് നൽകിയത്.
നേരത്തെ ജയ സനലിന് സർവീസിൽ നിന്നു പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് ഡിജിപി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പിരിച്ചു വിടാനുള്ള കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയത്.
ഹിയറിംഗ് അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചാകും പിരിച്ചു വിടൽ നടപടിയിലേക്കു കടക്കുക. നിലവിൽ സസ്പെൻഷനിലാണ് ജയ സനൽ.
അയിരൂർ സ്റ്റേഷൻ ചുമതലയുണ്ടായിരിക്കെയായിരുന്നു സംഭവം. പോക്സോ കേസിലെ പ്രതി വിദേശത്തേയ്ക്കു കടന്നിരുന്നു. ഇയാളെ പിന്നീട് വിദേശത്തു നിന്നു വരുത്തി കേസിൽ നിന്നു രക്ഷപ്പെടുത്താൻ നാലു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
എന്നാൽ, 50,000 രൂപ ഇയാൾ കൈക്കൂലി ഇനത്തിൽ സിഐയ്ക്കു നൽകി. രാത്രിയിൽ താമസ സ്ഥലത്തു കൊണ്ടുപോയി സ്വവർഗ ലൈംഗികതയ്ക്കു വിധേയനാക്കിയതായാണു പരാതി. അടുത്ത ദിവസം രാവിലെ പ്രതിയെ പോക്സോ കേസിൽ സിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടർന്നാണ് പോക്സോ കേസിലെ പ്രതി സിഐയ്ക്കെതിരേ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച റൂറൽ എസ്പിയുടെ റിപ്പോർട്ട് പ്രകാരം സിഐയെ സസ്പെൻഡ് ചെയ്തിരുന്നു.