മാനസിക നില തെറ്റിയയാൾ, മദ്യവും കൊക്കെയ്നും ഉപയോഗിച്ചിരുന്നു: ഇമ്രാനെതിരെ പാക് മന്ത്രി
Friday, May 26, 2023 8:29 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മദ്യവും കൊക്കെയ്നും ഉപയോഗിക്കുന്നതായി ആരോഗ്യമന്ത്രി അബ്ദുൾ ഖാദിർ പട്ടേൽ.
അഴിമതിക്കേസിൽ അറസ്റ്റിലായിരിക്കെ നടത്തിയ മെഡിക്കൽ പരിശോധനയിൽ ഇമ്രാൻ മദ്യവും കൊക്കെയ്നും ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് പാക് ആരോഗ്യമന്ത്രി വെളിപ്പെടുത്തിയത്.
അഞ്ച് ഡോക്ടർമാർ അടങ്ങിയ സമിതിയാണ് ഇമ്രാന്റെ മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയതെന്നും അബ്ദുൾ ഖാദിർ പട്ടേൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതോടെ ഇമ്രാന്റെ പേരിൽ മറ്റൊരു കേസ് കൂടി ഉറപ്പാകും. നൂറോളം കേസുകളാണ് ഇമ്രാൻ ഇപ്പോൾ നേരിടുന്നത്.
അൽ ഖാദിർ ട്രസ്റ്റ് കേസിൽ അറസ്റ്റിലായ ഇമ്രാൻ ഖാനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇസ്ലാമാബാദിലെ പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രാഥമിക മെഡിക്കൽ റിപ്പോർട്ടിൽ മദ്യം, കൊക്കെയ്ൻ തുടങ്ങിയവയുടെ ഉപയോഗം കണ്ടെത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
ഇമ്രാൻ ഖാന്റെ മെഡിക്കൽ റിപ്പോർട്ട് പരസ്യമാക്കുമെന്ന് പറഞ്ഞ അബ്ദുൾ ഖാദർ പട്ടേൽ പാക് മുൻ പ്രധാനമന്ത്രിക്ക് മാനസികനില തകരാറിലാണെന്ന് സംശയിക്കുന്നതായി പറഞ്ഞു.
മാനസികമായി ആരോഗ്യമുള്ള ആളുടെ പെരുമാറ്റങ്ങളല്ല ഇമ്രാനിൽനിന്നും ഉണ്ടായിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.