മോദി സർക്കാരിന്റെ ഒമ്പത് വർഷം; ഒമ്പത് ചോദ്യങ്ങളുമായി കോൺഗ്രസ്
Friday, May 26, 2023 10:39 PM IST
ന്യൂഡൽഹി: നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന്റെ കാലാവധി ഒമ്പത് വർഷം പിന്നിടുന്ന വേളയിൽ ഒമ്പത് ചോദ്യങ്ങളുന്നയിച്ച് കോൺഗ്രസ്. മേയ് 30-ന് ആരംഭിക്കുന്ന സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക് മുമ്പായി പ്രധാനമന്ത്രി ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേഷ് പ്രസ്താവിച്ചു.
മോദി സർക്കാരിനോട് കോൺഗ്രസ് ഉന്നയിച്ച ഒമ്പത് ചോദ്യങ്ങൾ
1. രാജ്യത്ത് പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ വർധിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് പണക്കാർ വീണ്ടും പണക്കാരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്നത്? മോദിയുടെ സുഹൃത്തുക്കളായ കച്ചവടക്കാരുടെ വരുമാനം കുതിച്ചുയർന്നതെങ്ങനെ?
2. കർഷകസമരത്തിനിടെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് എന്തുകൊണ്ട്? വിളകളുടെ താങ്ങുവില വർധിപ്പിക്കാത്തത് എന്തുകൊണ്ടാണ്?
3. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതി വർധിക്കുന്നത് എന്തുകൊണ്ട്? അദാനിക്കായി എൽഐസി, എസ്ബിഐ എന്നിവയെ ബലിയാടാക്കുന്നത് എന്തിന്?
4. 2020-ൽ ചൈനയ്ക്ക് മോദി ക്ലീൻ ചിറ്റ് നൽകിയിട്ടും അവർ അതിർത്തി കൈയേറുന്നത് എന്തുകൊണ്ട് ?
5. വിദ്വേഷത്തിന്റെ രാഷ്ട്രീയം മോദി വോട്ടുകൾക്കായി ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?
6. സാമൂഹ്യനീതി തകർക്കുന്ന രീതിയിൽ മോദി സർക്കാർ പെരുമാറുന്നത് എന്തുകൊണ്ട്? ജാതി സെൻസസ് എതിർക്കുന്നതും പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മൗനം പാലിക്കുന്നതുമെന്തിന്?
7. ഭരണഘടനാമൂല്യങ്ങൾ തച്ചുടച്ച് പ്രതിപക്ഷത്തിനെതിരെ വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നത് എന്തുകൊണ്ടാണ്? ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരുകളെ പണം ഉപയോഗിച്ച് മറിച്ചിടുന്നത് എന്തുകൊണ്ട്?
8. പാവപ്പെട്ടവർ, പട്ടികവർഗക്കാർ എന്നിവർക്കുള്ള ക്ഷേമപദ്ധതികൾ വെട്ടിക്കുറച്ചത് എന്തുകൊണ്ട്?
9. പൊടുന്നനേ പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം ലക്ഷക്കണക്കിന് തൊഴിലാളികളെ ബുദ്ധിമുട്ടിച്ച സർക്കാർ എന്തുകൊണ്ടാണ് 40 ലക്ഷം പേർ കോവിഡ് മൂലം മരിച്ചിട്ടും നഷ്ടപരിഹാരം നൽകാത്തത്?