ഹോട്ടലുടമയുടെ കൊലപാതകം; ഒരാള്‍ കൂടി കസ്റ്റഡിയില്‍
Friday, May 26, 2023 9:50 AM IST
മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. നേരത്തെ അറസ്റ്റിലായ ഫര്‍ഹാനയുടെ സുഹൃത്ത് ആഷിഖിനെ ആണ് ചെര്പ്പുളശേരിയില്നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടക്കുന്ന സമയത്ത് ആഷിഖും ഹോട്ടലില്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളെ മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചെന്ന് കരുതുന്ന അട്ടപ്പാടി ചുരത്തില്‍ എത്തിച്ചു.
ഇതോടെ കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി, സുഹൃത്ത് ഫര്‍ഹാന എന്നിവര്‍ നേരത്തെ ചെന്നൈയില്‍ അറസ്റ്റിലായിരുന്നു.
മലപ്പുറം എസ്പി അടക്കമുള്ള സംഘം അട്ടപ്പാടി ചുരത്തിലെത്തിയിട്ടുണ്ട്. മൃതദേഹം ഉപേക്ഷിച്ചെന്ന് കരുതുന്ന ട്രോളി ബാഗ് പുറത്തെടുക്കാനുള്ള നടപടികള്‍ തുടങ്ങി.