പാർലമെന്റ് മുർമു ഉദ്ഘാടനം ചെയ്യണമെന്ന നിർബന്ധം ന്യായമല്ല: പ്രതിപക്ഷത്തെ തള്ളി മായാവതി
Thursday, May 25, 2023 10:19 PM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷ പാർട്ടികളുടെ നടപടി തെറ്റാണെന്ന് മായാവതി കുറ്റപ്പെടുത്തി.
ട്വിറ്ററിലായിരുന്നു മായാവതിയുടെ പ്രതികരണം. കേന്ദ്രസർക്കാരാണ് പാർലമെന്റ് നിർമിച്ചതെന്നും അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ടെന്നും മായാവതി കൂട്ടിച്ചേർത്തു. എന്നാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മായാവതി ട്വീറ്റിൽ വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ചിട്ടുള്ള പാർട്ടി അവലോകന യോഗങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് മായാവതിയുടെ പ്രതികരണം. 28 ന് നടക്കാനിരിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ബിഎസ്പി പൂർണ പിന്തുണ നൽകുന്നതായും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മായാവതി പറഞ്ഞു.
പുതിയ കെട്ടിടം പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യണമെന്ന പ്രതിപക്ഷ പാർട്ടികളുടെ നിർബന്ധം ന്യായമല്ല. സർക്കാരാണ് മന്ദിരം ഉണ്ടാക്കിയത് അതിനാൽ ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. ആദിവാസി സ്ത്രീയ്ക്ക് നൽകേണ്ട ബഹുമാനവുമായി ഇതിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും മായാവതി കൂട്ടിച്ചേർത്തു.