ഓണറേറിയം വിവാദമാക്കേണ്ടെന്ന് കെ.വി. തോമസ്
Thursday, May 25, 2023 10:16 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ തനിക്ക് അനുവദിച്ച ഓണറേറിയം വിവാദമാക്കേണ്ടെന്ന് കെ.വി. തോമസ്. എ. സന്പത്തിനു നൽകിയിരുന്ന ഓണറേറിയം പുനഃസ്ഥാപിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.
കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെ.വി. തോമസിനെ സർക്കാർ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തോമസിനു പ്രതിമാസം ഒരു ലക്ഷം രൂപ വീതം ഓണറേറിയം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
കെ.വി. തോമസിന് ഒരു ഡ്രൈവർ ഉൾപ്പെടെ നാലു പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കാനും അനുമതി നൽകി. മുൻകാല പ്രാബല്യത്തോടെയാണ് ഓണറേറിയം അനുവദിച്ചത്.
ചുമതലയേറ്റ ജനുവരി മുതലുള്ള കുടിശിക ലഭിക്കും. ജനുവരി 18നു ചേർന്ന മന്ത്രിസഭായോഗമാണു കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധിയായി കെ.വി. തോമസിനെ നിയമിക്കാൻ തീരുമാനിച്ചത്.
തനിക്കു ശന്പളവും അലവൻസുകളും വേണ്ടെന്നും ഓണറേറിയം മതിയെന്നും കെ.വി. തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു. നേരത്തേ പല ഘട്ടങ്ങളിലായി കെ.വി. തോമസിന് ഓണറേറിയം നിശ്ചയിക്കാൻ ശ്രമം നടന്നെങ്കിലും നീണ്ടുപോയിരുന്നു.
ഓണേറേറിയം ഇനത്തിൽ തുക നൽകുന്നതോടെ കെ.വി. തോമസിനു നിലവിൽ ലഭിക്കുന്ന എംപി, എംഎൽഎ പെൻഷനുകളും കോളജ് അധ്യാപക പെൻഷനും ലഭിക്കുന്നതിനു തടസമില്ല. ഓണറേറിയത്തിന് ആദായനികുതിയും ഉണ്ടാകില്ല. എന്നാൽ, ശന്പള ഇനത്തിലാണു തുക ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ ലഭിക്കുന്ന പെൻഷനുകൾ ലഭിക്കില്ല.
ശന്പളത്തുക കണക്കാക്കിയുള്ള ആദായനികുതിയും നൽകേണ്ടിവരുമായിരുന്നു. ശന്പളവും മറ്റ് അലവൻസുകളും ഒഴിവാക്കി ഒരു ലക്ഷം രൂപ ഓണറേറിയം നൽകാമെന്ന ധനവകുപ്പു ശിപാർശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
അടിസ്ഥാനശന്പളം, ഡിഎ, എച്ച്ആർഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ചേർന്നതാണ് ശന്പളം. സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നത് ഓണറേറിയവും. കെ.വി. തോമസിനു പേഴ്സണൽ സ്റ്റാഫിൽ രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ് എന്നിവരെക്കൂടാതെ ഒരു ഡ്രൈവറെ നിയമിക്കാനും അനുമതി നൽകി. കെ.വി. തോമസിനെക്കൂടാതെ വേണുരാജാമണിയും കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാണ്.