രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു
Thursday, May 25, 2023 7:25 PM IST
ഭോപ്പാൽ: നമീബിയയിൽനിന്നു മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റ പ്രസവിച്ച നാല് കുഞ്ഞുങ്ങളിൽ രണ്ടെണ്ണം കൂടി ചത്തു. ജ്വാല എന്ന ചീറ്റ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. ഇതോടെ നാല് ചീറ്റക്കുട്ടികളിൽ മൂന്നെണ്ണം ചത്തതായി അധികൃതർ അറിയിച്ചു.
കനത്ത ചൂടും നീർജലീകരണവുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച 47 ഡിഗ്രി സെൽഷ്യസ് ചൂടാണ് കുനോ ദേശീയോദ്യാനത്തിൽ അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച അവശനിലയിൽ മൂന്ന് ചീറ്റക്കുട്ടികളെയും കണ്ടെത്തുകയും ഇവയ്ക്ക് വൈദ്യസഹായം നൽകുകയും ചെയ്തിരുന്നു. നാലാമത്തെ കുഞ്ഞിനെ പാൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സയ്ക്കായി നമ്പിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു വരികയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
മാർച്ച് 27ന് ഇന്ത്യയിലെത്തിച്ച സാഷ എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. ഏപ്രിൽ 23ന് ഉദയ് എന്ന ചീറ്റ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നു ചത്തു. മേയ് ഒൻപതിന് ദക്ഷ എന്ന ചീറ്റ മറ്റൊരു ചീറ്റയുടെ ആക്രമണത്തിലും ചത്തിരുന്നു.
രണ്ട് മാസത്തിനുള്ളിൽ മൂന്ന് ചീറ്റകൾ ചത്തതിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു.