ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്; സരുണ്‍ സജി പ്രതിഷേധം അവസാനിപ്പിച്ചു
Thursday, May 25, 2023 5:39 PM IST
ഇടുക്കി: കളളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മരത്തിൽക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആദിവാസി യുവാവ് പ്രതിഷേധം അവസാനിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ ഉറപ്പിലാണ് കണ്ണംപടി മുല്ല പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജി (24) പ്രതിഷേധം അവസാനിപ്പിച്ചത്.
നടപടിയുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതോടെ സരുണ്‍ മരത്തിൽനിന്നും താഴയിറങ്ങി. കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മു ന്പിലെ മരത്തില്‍ കയറിയാണ് സരുൺ ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാല് മണിക്കൂറോളമാണ് മരത്തിനു മുകളിൽ പ്രതിഷേധവുമായി സരുൺ കഴിഞ്ഞത്.
സരുണിനെ താഴെയിറക്കാൻ പോലീസും ഫയര്‍ ഫോഴ്സും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ജനപ്രതിനിധികൾ സരുണുമായി ചർച്ച നടത്തിയെങ്കിലും തനിക്കെതിരെ കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നു. അറസ്റ്റ് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെ മരത്തിൽനിന്നും ഇറങ്ങുവാൻ സരുൺ തയാറായി. നടപടിയുണ്ടായില്ലെങ്കിൽ തനിക്ക് ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് സരുൺ പറയുന്നു.
സരുണിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ സസ്പെന്‍ഷനില്‍ ആയിരുന്ന മുഴുവന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സര്‍വീസില്‍ തി രിച്ചെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ സരുണ്‍ ഉപ്പുതറ പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് സരുണിനെ ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയില്‍ എടുക്കുന്നതും റിമാന്‍ഡ് ചെയ്യു ന്നതും. പത്ത് ദിവസത്തോളം ഇദ്ദേഹം ജയിലിലായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിരുന്നു.