പാർലമെന്റ് മന്ദിരോദ്ഘാടനം; പങ്കെടുക്കുമെന്നറിയിച്ച് വൈഎസ്ആർ കോൺഗ്രസ്, ബിജെഡി
Wednesday, May 24, 2023 11:07 PM IST
ന്യൂഡൽഹി: പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികൾ അറിയിച്ചു. ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ചില്ലെന്ന കാരണത്താൽ കോൺഗ്രസ് ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ജനതാധിപത്യ സംവിധാനത്തിലെ അസുലഭമായ മുഹൂർത്തത്തിൽ പങ്കാളിയാകുമെന്ന് വാർത്താക്കുറിപ്പിലൂടെ ബിജെഡി അറിയിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്ര നിമിഷമാണെന്നും രാജകീയമായ ഈ മന്ദിരം രാജ്യത്തിന് സമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അർഹിക്കുന്നുവെന്നും വൈഎസ്ആർ കോൺഗ്രസ് തലവനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി പ്രസ്താവിച്ചു.
എൻഡിഎയിൽ അംഗങ്ങളല്ലെങ്കിലും വൈഎസ്ആർ കോൺഗ്രസും ഒഡീഷ മുഖ്യൻ നവീൻ പട്നായിക്കിന്റെ പാർട്ടിയായ ബിജെഡിയും പൊതുവിഷയങ്ങളിലും രാജ്യസഭയിലെ വോട്ടിംഗിലും പതിവായി സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്ന പാർട്ടികളാണ്.