ഹിറ്റ്ലറുടെ ജന്മവീട് മനുഷ്യാവകാശ പഠനകേന്ദ്രമാക്കാൻ ഓസ്ട്രിയ
Wednesday, May 24, 2023 9:11 PM IST
വിയന്ന: ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് പോലീസ് ഉദ്യോഗസ്ഥർക്കുള്ള മനുഷ്യാവകാശ പഠനകേന്ദ്രമാക്കാൻ ഓസ്ട്രിയൻ സർക്കാർ തീരുമാനിച്ചു.
ഓസ്ട്രിയയിലെ ബ്രൗണൗ അം ഇൻ പട്ടണത്തിലെ മൂന്ന് നില കെട്ടിടത്തിൽ 1889-ലാണ് ഹിറ്റ്ലർ ജനിച്ചത്. പിന്നീട് ജർമനിയിലേക്ക് കുടിയേറിയ ഹിറ്റ്ലറിന്റെ കുടുംബം 17-ാം നൂറ്റാണ്ടിൽ നിർമിച്ച ഈ കെട്ടിടത്തിന്റെ മുകൾനിലയിൽ ഏതാനും മാസങ്ങൾ മാത്രമാണ് താമസിച്ചത്.
2011 മുതൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം 2016-ലാണ് ഓസ്ട്രിയൻ സർക്കാർ ഏറ്റെടുത്തത്. നാസി അനുകൂലികൾ കെട്ടിടത്തെ മഹത്വവൽക്കരിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കുന്നത് തടയാനായി സർക്കാർ പഴയ ഉടമയ്ക്ക് വൻതുക വാടക നൽകിയിരുന്നു. എന്നാൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം വിട്ടുനൽകാൻ ഇയാൾ തയാറാകാതിരുന്നതോടെ കോടതി വിധി വഴിയാണ് സർക്കാർ കെട്ടിടം സ്വന്തമാക്കിയത്.
തുടർന്ന്, പൊതുജന സർവേ നടത്തിയ ശേഷമാണ് കെട്ടിടം മനുഷ്യാവാകാശ പഠനകേന്ദ്രമാക്കാൻ തീരുമാനിച്ചത്. കെട്ടിടം പൊളിച്ചുകളഞ്ഞാൽ നാസി ചരിത്രം മായ്ച്ചുകളയുന്ന നടപടിയാകുമെന്നും ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഇത് ഉപയോഗിക്കണമെന്നുമാണ് ജനം അഭിപ്രായപ്പെട്ടത്.
20 മില്യൺ യൂറോ മുടക്കി ആരംഭിക്കുന്ന പഠനകേന്ദ്രം 2026-ൽ പ്രവർത്തനക്ഷമമാകുമെന്നാണ് സർക്കാർ അറിയിച്ചത്.