കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ. കാരന്തൂർ സ്വദേശി ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇന്നു പുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

ചൊവ്വാഴ്ച രാത്രി 12മണിയോടെ കോഴിക്കോടുനിന്ന് മാനന്തവാടിക്കു സഞ്ചരിക്കുകയായിരുന്ന കെഎസ്ആർടിസി ബസിലാണു വിദ്യാർഥിനിക്കു നേരെ അതിക്രമമുണ്ടായത്. ഡ്രൈവർ വിദ്യാർഥിനിയെ കയറിപിടിച്ചെന്നാണു പരാതി.

തിരക്കുള്ള ബസിൽ ബോണറ്റിൽ ഇരുന്നാണു വിദ്യാർഥിനി യാത്ര ചെയ്തിരുന്നത്. വാഹനം ഓടിക്കുന്നതിനിടെ പെൺകുട്ടിയെ ഡ്രൈവർ കടന്നുപിടിച്ചെന്നാണ് കേസ്. ബസ് പുറപ്പെട്ട് കോഴിക്കോട് നഗരപരിധി കഴിഞ്ഞ ഉടനെയായിരുന്നു സംഭവം.

സംഭവത്തിനു പിന്നാലെ യാത്രക്കാർ ബഹളംവച്ചതിനെത്തുടർന്ന് ബസ് നിർത്തുകയും കുന്ദമംഗലം പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആദ്യം ഡ്രൈവർ കുറ്റം നിഷേധിച്ചെങ്കിലും പിന്നീടു തെറ്റു സമ്മതിക്കുകയും ചെയ്തു.

ദിവസങ്ങള്‍ക്കു മുന്പ് വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെയുണ്ടായ പീഡന ശ്രമത്തില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റിലായിരുന്നു. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ ഏറി വരുന്നതായി പോലീസ് പറയുന്നു.