പ്ലസ് വണ്‍ പ്രവേശനം: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
Tuesday, May 23, 2023 7:49 PM IST
കണ്ണൂര്‍: പ്ലസ് വണ്‍ പ്രവേശന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പുതുതായി നിർമിച്ച 97 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം കണ്ണൂര്‍ ധര്‍മ്മടം മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവര്ക്കും പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസം നമ്മുടെ നാടിന്റെ ഇന്നത്തെ പുരോഗതിക്ക് ഉപകരിച്ച ഘടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശനത്തിന് പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കും മുന്‍പ് തന്നെ വിദ്യാർഥികളെയും രക്ഷകർത്താക്കളെയും ഉത്കണ്ഠപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ വന്നിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം അനുവദിച്ച അധിക ബാച്ചുകൾ നിലനിർത്തും. എല്ലാവർക്കും ഉപരിപഠന സാധ്യത ഒരുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.