ബംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ അനുമതി നൽകിയ മുഴുവൻ പദ്ധതികളും നിർത്തിവെച്ച് പരിശോധിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള സിദ്ധരാമയ്യയുടെ ആദ്യ തീരുമാനങ്ങളിലൊന്നാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും കീഴിലുള്ള എല്ലാ തുടർ നടപടികളും ഉടനടി നിർത്തണമെന്നും ആരംഭിക്കാത്ത പദ്ധതികൾ ആരംഭിക്കരുതെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദേശം.

ബിജെപി അനുവദിച്ച പല പദ്ധതികൾക്കും സുതാര്യതയും അംഗീകാരവുമില്ല. നിയമസഭാംഗങ്ങളും ജനങ്ങളും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയുടെ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ചില പദ്ധതികളിൽ വർക്ക് ഓർഡറുകൾ ഇല്ലാതെ പണം നൽകി. ചില പദ്ധതികൾ ഒന്നും നടത്താതെ കടലാസിൽ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അവയെല്ലാം അവലോകനത്തിന് വിധേയമാക്കുകയാണ്. പരിശോധന പൂർത്തിയായ ശേഷമേ തുടർ നടപടിയുണ്ടാകൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.