പ്രധാനമന്ത്രിയാകുമെന്ന് ദിവാസ്വപ്നം കാണുന്നത് അവസാനിപ്പിക്കു; നിതീഷ് കുമാറിനോട് ബിജെപി
Monday, May 22, 2023 10:54 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രിയാകുമെന്ന് ദിവാസ്വപ്നം കാണുന്നതിന് പകരം സ്വന്തം സംസ്ഥാനത്തിന്റെ കാര്യം ശ്രദ്ധിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബിജെപി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി നിതീഷ് കുമാറും തേജസ്വി യാദവും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചത്.
മറ്റ് നേതാക്കളെ കാണുന്നത് നിതീഷ് കുമാറിന്റെ അവകാശമാണെന്നും എന്നാൽ സ്വന്തം സംസ്ഥാനം അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല പറഞ്ഞു.
അദ്ദേഹം പ്രധാനമന്ത്രിയാകാൻ ദിവാസ്വപ്നം കാണുകയാണ്. അതിനുപകരം, ബിഹാർ മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കാൻ അദ്ദേഹം തയാറാകണമെന്ന് പ്രേംശുക്ല ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി പദത്തിന് ഒഴിവില്ലാത്തതിനാൽ നിതീഷ് കുമാർ തന്റെ സ്വപ്ന ലോകത്ത് നിന്ന് പുറത്തുവരണമെന്ന് ബിഹാറിലെ ബിജെപി എംഎൽസി സഞ്ജയ് മയൂഖ് പരിഹസിച്ചു.
കുറ്റകൃത്യത്തിന്റെയും അഴിമതിയുടെയും ആഴങ്ങളിലേക്ക് സ്വന്തം സംസ്ഥാനത്തെ തള്ളിയിടുന്ന നിതീഷ് കുമാറിനോട് ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ബിജെപിക്കെതിരായി പ്രതിപക്ഷ പാർട്ടികളുടെ സഹകരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നിതീഷ് കുമാർ.