കിരീട നേട്ടം ജയിച്ചാഘോഷിച്ച് മാഞ്ചസ്റ്റർ സിറ്റി
Sunday, May 21, 2023 10:57 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട നേട്ടം വിജയംകൊണ്ട് ആഘോഷമാക്കി മാഞ്ചസ്റ്റർ സിറ്റി. കിരീടം ഉറപ്പിച്ച ശേഷം കളത്തിലിറങ്ങിയ ആദ്യ മത്സരത്തിൽ ചെൽസിയെ സ്കൈ ബ്ലൂസ് തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് സിറ്റി പ്രീമിയർ ലീഗ് ചാന്പ്യന്മാരാകുന്നത്.
ചെൽസിക്കെതിരെ അർജന്റീന താരം ജൂലിയൻ അൽവാരസിന്റെ ഗോളിലാണ് സിറ്റിയുടെ ജയം. എർലിംഗ് ഹാളണ്ടിനെ കരയ്ക്കിരുത്തി ഇറങ്ങിയ സിറ്റിക്കുവേണ്ടി 12 ാം മിനിറ്റിൽ അൽവാരസ് വലകുലുക്കി. ചെൽസിക്ക് കളിയിലേക്ക് തിരിച്ചെത്താൻ മികച്ച അവസരങ്ങൾ ലഭിച്ചു.
സിറ്റിയുടെ ഗോൾകീപ്പർ സ്റ്റെഫാൻ ഒർട്ടേഗ ചെൽസിയുടെ റഹീം സ്റ്റെർലിംഗിന്റെ ശ്രമം പരാജയപ്പെടുത്തി. ഹാലൻഡ്, കെവിൻ ഡി ബ്രൂയ്നെ, ഇൽകെ ഗുണ്ടോഗൻ, ജോൺ സ്റ്റോൺസ്, ജാക്ക് ഗ്രീലിഷ്, റോഡ്രി, ബെർണാഡോ സിൽവ, റൂബൻ ഡയസ്, ഗോൾകീപ്പർ എഡേഴ്സൺ എന്നിവരെ പുറത്തിരുത്തിയാണ് സിറ്റി ഇന്ന് ഇറങ്ങിയത്.
ഇന്നലെ നോട്ടിംങാം ഫോറസ്റ്റ് ആഴ്സണലിനെ 0-1ന്റെ പരാജയപ്പെടുത്തിയതോടെ സിറ്റി കിരീടം ഉറപ്പിച്ചിരുന്നു. ആഴ്സണലിന്റെ മത്സരം തങ്ങളുടെ ക്യാന്പിലി രുന്നു കാണുകയായിരുന്ന മാഞ്ചസ്റ്റർ സിറ്റി കളിക്കാർ കിരീടനേട്ടം ആഘോഷിക്കുകയും ചെയ്തു. 37 മത്സരങ്ങളിൽനിന്ന് ആഴ്സണലിന്റെ സന്പാദ്യം 81 പോയിന്റ് മാത്രമാണ്. 35 മത്സരത്തിൽ 85 പോയിന്റുമായാണ് സിറ്റി കിരീടം ഉറപ്പിച്ചത്. സീസണിൽ ഓരോ ടീമിനും 38 മത്സരങ്ങളാണ്.
2008ൽ അബുദാബി ഗ്രൂപ്പ് സിറ്റിയെ ഏറ്റെടുത്തശേഷം ഏഴാം തവണയാണ് ടീം പ്രീമിയർ ലീഗ് ചാന്പ്യന്മാരാകുന്നത്. പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിൽ 10 കിരീടങ്ങൾ (അഞ്ച് പ്രീമിയർ ലീഗ്, നാല് ലീഗ് കപ്പ്, ഒരു എഫ്എ കപ്പ്) സിറ്റി പൂർത്തിയാക്കി. ഇംഗ്ലണ്ടിൽ 10 കിരീടങ്ങൾ തികയ്ക്കുന്ന അഞ്ചാമത് മാത്രം പരിശീ ലകനാണ് പെപ് ഗ്വാർഡിയോള.
2022-23 സീസണിൽ മൂന്ന് കിരീടം എന്ന സ്വപ്നത്തിലേക്ക് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ആദ്യ ചുവടുവച്ചു. 1999ൽ അലക്സ് ഫെർഗൂസന്റെ മാഞ്ച സ്റ്റർ യുണൈറ്റഡാണ് അവസാനമായി സീസണ് ട്രിപ്പിൾ ഇംഗ്ലണ്ടിൽ നേടിയ ടീം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിക്ക് ഇനി രണ്ട് ഫൈന ലുകൾകൂടി ശേഷിക്കുന്നുണ്ട്. എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരേയും (ജൂണ്‍ മൂന്ന്) യുവേഫ ചാന്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ടീമായ ഇന്റർ മി ലാന് (ജൂണ്‍ 10) എതിരേയും.