മുംബൈയ്ക്ക് ജയം; രാജസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചു
Sunday, May 21, 2023 7:58 PM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് സ്ഥാനത്തേക്ക് നൂഴ്ന്നിറങ്ങാനായി മുംബൈ ഇന്ത്യൻസിന്റെ പരാജയം ആഗ്രഹിച്ച രാജസ്ഥാൻ റോയൽസ് ആരാധകർക്ക് നിരാശ. തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിന്റെ ജയം നേടിയതോടെ മുംബൈ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി.
ഹൈദരാബാദ് ഉയർത്തിയ 200 റൺസിന്റെ വിജയലക്ഷ്യം കാമറൂൺ ഗ്രീനിന്റെ സെഞ്ചുറിയുടെ കരുത്തിൽ 12 പന്ത് ബാക്കി നിൽക്കെ മുംബൈ മറികടന്നു. ലീഗിൽ മുംബൈയ്ക്ക് 15 പോയിന്റായി.
പോയിന്റ് ടേബിളിലെ കണക്കുകൂട്ടലുകളുമായി കാത്തിരുന്ന രാജസ്ഥാൻ റോയൽസ് ഇതോടെ ലീഗിൽ നിന്ന് പുറത്തായി. അവസാന ലീഗ് സ്റ്റേജ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെട്ടാൽ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. മഴ ഭീഷണി നിലനിൽക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ജയമല്ലാതെ മറ്റെന്ത് മത്സരഫലം ലഭിച്ചാലും ആർസിബി പുറത്താകും.
ജീവന്മരണ പോരാട്ടത്തിൽ ടോസ് നേടിയ മുംബൈ ഹൈദരാബാദിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പുതുമുഖ താരം വിവ്രാന്ത് ശർമ(69), മായങ്ക് അഗർവാൾ(83) എന്നിവർ ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഈ സഖ്യം 140 റൺസ് കൂട്ടിച്ചേർത്തതോടെ അതിഥികളുടെ സ്കോർ 200 കടക്കുമെന്ന് ഏവരും ഉറപ്പിച്ചു.
എന്നാൽ അച്ചടക്കമുള്ള ഡെത്ത് ബൗളിംഗിലൂടെ മുംബൈ മത്സരം നിയന്ത്രിച്ചു. അവസാന നാല് ഓവറുകളിൽ ഒരു ബൗണ്ടറി മാത്രം വഴങ്ങി 34 റൺസ് മാത്രമാണ് മുംബൈ വിട്ടുനൽകിയത്. ഹെന്റിക് ക്ലാർസൻ(18), ഗ്ലെൻ ഫിലിപ്സ്(1) അടക്കമുള്ള മധ്യനിര താരങ്ങൾ നിരാശപ്പെടുത്തിയതും ഹൈദരാബാദിന് തിരിച്ചടിയായി. മുംബൈയ്ക്കായി ആകാശ് മധ്വാൾ നാലോവറിൽ 37 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ പിഴുതു.
നിർണായക മത്സരത്തിൽ ഫോമിലേക്ക് ഉയർന്ന നായകൻ രോഹിത് ശർമ(37 പന്തിൽ 56) മുന്നിൽ നിന്ന് നയിച്ചതോടെ മുംബൈ അതിവേഗമാണ് ചേസ് നടത്തിയത്. 47 പന്തിൽ എട്ട് വീതം ഫോറും സിക്സും നേടിയ ഗ്രീൻ(100*) ടീമിനെ വിജയത്തിലെത്തിച്ചു. ജയമുറപ്പിച്ച അവസാന പന്തിൽ ഗ്രീൻ സെഞ്ചുറി പൂർത്തിയാക്കുന്നതിന് സാക്ഷിയായി സൂര്യകുമാർ യാദവ്(16 പന്തിൽ 25*) നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്നു.
നാലോവറിൽ 26 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മാത്രമാണ് ഹൈദരാബാദ് ബൗളിംഗ് നിരയിൽ പിടിച്ചുനിന്നത്.