സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ഡൽഹിക്ക്
Sunday, May 21, 2023 11:46 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഞായറാഴ്ച വീണ്ടും ഡൽഹിക്ക് തിരിക്കുമെന്ന് റിപ്പോർട്ട്. മന്ത്രിസഭ വികസനം സംബന്ധിച്ച് ചർച്ചക്കായാണ് ഇരുവരും ഡൽഹിയിലേക്ക് പോകുന്നത്.
മന്ത്രിമാരുടെ അന്തിമ പട്ടികയിൽ തീർപ്പാക്കാൻ ഹൈക്കമാൻഡുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കൂടാതെ എട്ടു മന്ത്രിമാർ മാത്രമാണ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞ. ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജാർക്കിഹോളി, രാമലിംഗ റെഡ്ഡി, ബി.സെഡ്. സമീർ അഹമ്മദ് ഖാൻ, പ്രിയങ്ക് ഖാർഗെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.