പായുന്ന യാഗാശ്വം! തുടർച്ചയായ മൂന്നാം വട്ടവും ചാമ്പ്യന്മാരായി സിറ്റി
Sunday, May 21, 2023 1:10 AM IST
ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം വർഷവും കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി. കിരീടപ്പോരിലെ പ്രധാന എതിരാളികളായ ആഴ്സണൽ നിർണായക ലീഗ് മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടതോടെയാണ് സിറ്റി ചാമ്പ്യൻപട്ടം ഉറപ്പിച്ചത്.
ലീഗിൽ ഇനി ഒരു മത്സരം മാത്രം ശേഷിക്കുന്ന ആഴ്സണലിന് 81 പോയിന്റാണുള്ളത്. മൂന്ന് മത്സരങ്ങൾ കൂടി പൂർത്തിയാക്കാനുള്ള സിറ്റിക്ക് നിലവിൽ 85 പോയിന്റുകളാണ് കൈവശമുള്ളത്. ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം പരാജയപ്പെട്ടാലും സിറ്റി തന്നെ ടേബിൾ ടോപ്പർമാരായി തുടരും.
പ്രീമിയർ ലീഗ് ചരിത്രത്തിലെ സിറ്റിയുടെ ഒമ്പതാം കിരീടമാണിത്. സൂപ്പർ പരിശീലകൻ പെപ് ഗ്വാർഡിയോള ടീമിനായി നേടുന്ന അഞ്ചാമത്തെ ലീഗ് കിരീടം എന്ന സവിശേഷതയുമുണ്ട്.
ലീഗിന്റെ തുടക്കഘട്ടത്തിൽ വൻ മുന്നേറ്റം നടത്തിയിരുന്ന ആഴ്സണൽ പുതുവർഷാരംഭത്തോടെ പതറിയിരുന്നു. അവസാന ലാപ്പിൽ തുടർച്ചയായ ജയങ്ങളുമായി മുന്നേറിയതോടെ ട്രെബിൾ കിരീടനേട്ടത്തിന് ഒരു ചുവട് കൂടി അടുത്തേക്ക് സിറ്റി എത്തി.